Tuesday, December 16, 2008

രാപ്പാടീ...... കേഴുന്നുവോ.......

രചന :ഡോ. മുഹമ്മദ് ഫൈസി

ചെസ്റ്റ് സ്പെഷ്യലിസ്റ്റ്, റിയാദ്.



ഷേവ് ചെയ്ത് കുളിച്ച് വൃത്തിയായി - ചിലര്‍ യൂണിഫോം ധരിച്ചിരിക്കും - അയല്‍പക്കങ്ങളില്‍ നിന്നും ഫാക്ടിലേക്കും കളമശ്ശേരി - ഏലൂര്‍ മേഖലയിലെ മറ്റു വ്യവസായ ശാലകളിലേക്കും രാത്രി ഡ്യൂട്ടിക്ക് പോകുന്നത് ചെറുപ്പത്തില്‍ സ്ഥിരം കാഴ്ച ആയിരുന്നു. പോക്കറ്റില്‍ വേണ്ടത്ര ബീഡി ഉണ്ടോ എന്നുറപ്പ് വരുത്തി, തെര്‍മോ ഫ്ലാസ്കില്‍ കട്ടന്‍ ചായ നിറച്ചു, ചിലപ്പോള്‍ കാത്തു നില്‍കുന്ന ഭാര്യയുടെ കവിളില്‍ കരാറ് പോലൊരു ഉമ്മ കൊടുത്തു - മക്കള്‍ അപ്പോഴേക്കും ഉറക്കം പിടിച്ചിട്ടുണ്ടാവും - യാത്രാ മോഴിയൊന്നും ഉരിയാടെതെയുള്ള ആ പോക്ക് കൌതുകം ഉണര്‍ത്തിയിരുന്നു.



ഹൗസ് സര്‍ജന്‍സി കാലം, നഴ്സിംഗ് സ്റ്റാഫിനോട് കളിയാക്കി ചോദിക്കുമായിരുന്നു: സിസ്റ്റര്‍ക്ക് രാത്രി നൈറ്റാ?. ഹ്രദയാ വര്‍ജകമായ മറ്റൊരു കാഴ്ചയുണ്ട്: ഡ്യുട്ടി മാറുന്ന വേളയില്‍ ജോലി ക്ഷീണവും മുഷിച്ചിലും മറന്നു മന്ദഹാസം പരക്കുന്ന മുഖങ്ങള്‍ , അടുത്ത ഷിഫ്റ്റിനു ഉടയാത്ത വസ്ത്രങ്ങളില്‍ ഊര്‍ജസ്വലരായി എത്തുന്ന പകരക്കാര്‍ക്ക് ചാര്‍ജ് കൈമാറുന്ന നിമിഷങ്ങള്‍. ഞങ്ങള്‍ അതിന് "കുടമാറ്റം" എന്ന് ഓമനപ്പേരിട്ടു. പൈലറ്റുമാരും, ഫ്ലൈറ്റ് അസിസ്റ്റന്റ്റുമാരും ഹോസ്റ്റസുകളും ആകര്‍ഷകങ്ങളായ ഉടയാടകള്‍ അണിഞ്ഞു പ്രസന്നവദരരായി ചടുലമായ ചുവടുകള്‍ വെച്ചു പോകുന്ന കാഴ്ചയെപ്പറ്റി പ്രവാസികളോട് പ്രത്യേകം പറയേണ്ടതില്ലല്ലോ.



പക്ഷെ ഇതെല്ലാം കേവലം ലോലമായ കാല്പനികമായ പുറം കാഴ്ചയാണ്. പകല്‍ ജോലി തീര്‍ത്തു ക്ഷീണിച്ചു മടങ്ങുന്നവരെപ്പോലെയല്ല രാത്രി ജോലി കഴിഞ്ഞു പ്രഭാതത്തിലേക്ക്‌ ഇറങ്ങി വരുന്നവര്‍. ഉറക്കം കെടുത്തിക്കളഞ്ഞ കണ്ണുകളുമായി തളര്‍ന്ന കാലുകളില്‍ തെന്നി നീങ്ങുന്നവര്‍. യഥാര്‍ത്ഥ കാഴ്ചകള്‍ ഇവരെ പിന്തുടര്‍ന്നാലാണ് അറിയാന്‍ കഴിയുക. രാത്രി ജോലിക്കും മറ്റും ഷിഫ്റ്റ് വര്‍ക്ക് എന്ന് പറയുന്നതില്‍നിന്നു തന്നെ, സ്വാഭാവിക ജോലി സമയത്തില്‍ നിന്നും തെറ്റിച്ചു മാറ്റി ജോലി ചെയ്യുക എന്നാണല്ലൊ. ഇത്തരം രാത്രി ജോലിക്കാരെ നമുക്കു രാപ്പടികളെന്നോ രാപ്പക്ഷികള്‍ എന്നോ വിളിക്കാം.



മനുഷ്യ ജീവിതം "രാപ്പകല്‍താള" ത്തിനൊത്ത് ആണ് തുള്ളുന്നത്. അല്ലായിരുന്നെങ്കില്‍ തോന്നുമ്പോള്‍ ഉറങ്ങാന്‍ കഴിയുന്ന പകലിനെ ആശ്രയിച്ചു കഴിയാത്ത ഒരു മനുഷ്യ സമൂഹം ഇവിടെ ഉണ്ടാകുമായിരുന്നു. (നിര്‍)ഭാഗ്യവശാല്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഹോമോ സാപിയന്‍സ് എന്ന ജീവി പകല്‍ പണിയെടുക്കാനും രാത്രി ഉറങ്ങാനും സൃഷ്ടിക്കപ്പെട്ടതത്രേ. ("രാത്രിയെ നിനക്കു വസ്ത്രം പോലെ മറയാക്കിയതും, ഉറക്കത്തെ വിശ്രമാമാക്കിയതും പകലിനെ പുനരുദ്ധാനമാക്കിയതും അവിടുന്നത്രേ" . വിശുദ്ധ ഖുര്‍ ആന്‍ 25:47 ) .



പലരും രാത്രി ജോലിയുമായി പൊരുത്തപ്പെട്ടു പോകുന്നു എങ്കിലും അധികം പേരിലും ആരോഗ്യ സാമൂഹ്യ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു എന്നത് ഗൌരവമായ പഠനവും പരിഹാരവും അര്‍ഹിക്കുന്നു. ഉറക്കത്തിന്‍റെ താളവും ദൈര്‍ഖ്യവും തെറ്റുന്നത് മുതല്‍ ഗാര്‍ഹിക, സാമൂഹിക, വ്യാവസായിക, പൊതുജനാരോഗ്യ പ്രശ്നത്തോളം ഷിഫ്റ്റ് സമ്പ്രദായം ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യ പ്രകൃതിയുടെ സ്വാഭാവിക താളം തെറ്റിക്കുന്ന രാത്രി ജോലി അവന്‍റെ മാനസികമായ ഉണര്‍വിനേയും ശ്രധയെയും മാത്രമല്ല ജോലിയെടുക്കുന്നതിലുള്ള മികവിനെയും അവനവന്‍റെ തന്നെയും, ജോലി സ്ഥലത്തെയും സുരക്ഷയെയും അങ്ങനെ സമൂഹത്തിന്‍റെ തന്നെ സുരക്ഷയെയും ആണ് ബാധിക്കുന്നത്.



രാത്രി ജോലിയും ഷിഫ്റ്റ് ജോലിയും എല്ലാം അപ്പോള്‍ സത്യം പറഞ്ഞാല്‍ പ്രകൃതി വിരുദ്ധ ഏര്‍പ്പാടാണെന്ന് കാണാം. ബഹിരാകാശത്തോ, പര്‍വത മുകളിലോ അല്ലെങ്കില്‍ ആഴിക്കടിയിലോ ജോലി ചെയ്യുന്നത് പ്രകൃതി വിരുദ്ധ "ഭൌതിക" പരിസ്ഥിതിയില്‍ ആണെന്ന പോലെ രാത്രി ജോലി ചെയ്യുന്നത് പ്രകൃതി വിരുദ്ധ "സമയ" പരിസ്ഥിതിയില്‍ ആണ്. വൈകുന്നേരങ്ങളിലും വാരാന്ദ്യങ്ങളിലും ജോലി ചെയ്യുന്നത് സാമൂഹിക കാഴ്ചപ്പാടില്‍ അസ്വഭാവികമാണ്, സാമൂഹ്യ വിരുദ്ധമാണ്.



സര്‍വലോക തൊഴിലാളികളില്‍ ഏകദേശം അഞ്ചിലൊന്ന് സാധാരണ 7 am - 6 pm എന്ന ജോലി സമയത്തിനും അപ്പുറത്തെ സമയം ജോലി ചെയ്യുന്ന രാപ്പാടികളാണ്. അല്പം അധിക വരുമാനം ഉദേശിച്ചു രണ്ട് ജോലി ചെയ്യുന്നവരുടെയും ഓവര്‍ ടൈം ചെയ്യുന്നവരുടെയും കണക്കുകള്‍ കൂടി ചേര്‍ത്താല്‍ നാലിലൊന്ന് എന്ന് പറയേണ്ടി വരും. ആഗോള വല്‍കരണം വരുന്നതിനു മുമ്പു തന്നെ, ആധുനിക ലോകത്ത് എല്ലാ സര്‍വീസ് മേഖലകളിലും ഇരുപത്തിനാല് മണിക്കൂര്‍ സേവനം ആവശ്യം വരുകയും കൊടുക്കുകയും ചെയ്തു വരികയാണ്. ഉത്പാദന രംഗത്ത് യന്ത്രങ്ങള്‍ക്കു മുടക്കുന്ന മുതല്‍ ലാഭകരം ആകണമെങ്കില്‍ ദിവസവും ഇരുപത്തിനാല് മണിക്കൂറും ആഴ്ചയില്‍ ഏഴ് ദിവസവും പ്രവര്‍ത്തിച്ചു കൊണ്ടിരുന്നെ മതിയാകൂ. പ്രൊഡകഷന്‍ ലൈന്‍ , റൌന്ഡ് ദ ക്ലോക്ക് സര്‍വീസ്, എന്തായാലും കൊള്ളാം കാര്യം ചെയ്തു തന്നിരിക്കണം - എന്നീ സ്ഥിതിവിശേഷങ്ങള്‍ പാതിരാ ജോലിക്കാരിലും സമൂഹത്തിലും ആരോഗ്യ രംഗത്തും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുക്കയാണ്.


അന്നം തേടാനും വീട് നോക്കാനും ഒരു ഫുള്‍ ടൈം ഗ്രിഹനാഥന്‍ എന്ന കുടുംബ സങ്കല്പവും പാടെ മാറിപ്പോയി. കുട്ടികളെ വളര്‍ത്തുവാനും വീട്ടുകാര്യങ്ങള്‍ നോക്കുവാനും ഷിഫ്റ്റ് വെച്ചു പാര്‍ട്ട് ടൈം ജോലിക്കാരെ നിയമിക്കേണ്ടി വരുന്ന കാലമാണിത് !! . ദമ്പതികള്‍ രണ്ടു പേരും ജോലിക്കാരാകുമ്പോള്‍ അടുത്ത തലമുറ അനാധമാവുകയാണ്. ദമ്പതികള്‍ രണ്ടു പേരും ജോലിക്കാരാകുകയും ഭാര്യ രാപ്പാടി ആകുകയും ആണെങ്കിലോ ? പാചകം, വീട് വൃത്തിയാക്കല്‍, കുട്ടികളെ വളര്‍ത്തല്‍ , എന്നീ ജോലികളുടെ ഏതാണ്ടെല്ലാ ഭാരവും വഹിക്കേണ്ടി വരുന്ന സ്ത്രീകള്‍ തകര്‍ന്നു പോയില്ലെങ്കിലെ അത്ഭുതമുള്ളു‌. ജനസംഖ്യപരമായി മധ്യ വയസ്കരും വൃദ്ധ ജനങ്ങളും കൂടി വരുന്നതാണ് മറ്റൊരു കാല മാറ്റം. ഷിഫ്റ്റ് സമ്പ്രദായവുമായി സമരസപ്പെടുവാന്‍ ഏറ്റവും ക്ലേശം ഇവര്‍ക്കാണല്ലോ.



പൈലട്ടുകളില്‍ നാസ നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത് ഹൃസ്വ ദൂര പറക്കലുകളില്‍ 85% പേരിലും എട്ടു മണിക്കൂറിന്റ്റെയും ദീര്‍ഘ ദൂര പറക്കലുകളില്‍ പതിനാറു മണിക്കൂറിന്റ്റെയും ഉറക്കം നഷ്ടപ്പെടുന്നതായാണ്. ട്രക്ക് - തീവണ്ടി ഡ്രൈവര്‍മാര്‍ , പോലീസുകാര്‍ , എമെര്‍ജന്‍സിയിലും രാത്രിയിലും ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ നഴ്സുമാര്‍ എന്നിവരും ദിവസേന രണ്ടു മണിക്കൂര്‍ ഉറക്ക നഷ്ടം അനുഭവിക്കുന്നുണ്ട്. ഇങ്ങനെ ഓരോ അവസരങ്ങളിലും തുടര്‍ന്നും ഉറക്ക നഷ്ടം വരുമ്പോള്‍ ജോലിയിലെ ഉണര്‍വിലും ശ്രദ്ധയിലും അപാകതകള്‍ ഉണ്ടാകും. കായിക - മാനസിക പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുകയും ചെയ്യും. ഒരു പഠനം കാണിക്കുന്നത് രണ്ടു മണിക്കൂര്‍ ഉറക്ക നഷ്ടം വരുന്നവര്‍ മൂന്നു കുപ്പി ബിയര്‍ കുടിച്ചവരെ പോലെ മയക്കം ബാധിച്ചവരും മനോ കായിക സമന്വയം നഷ്ടപ്പെട്ടവരും ആയിരിക്കും എന്നാണ്. 60 - 70 % പേരിലും നിദ്ര രോഗങ്ങളും ജോലി സമയത്തെ ഉറക്കം തൂങ്ങലും കണ്ടു വരുന്നു. ജോലി സമയത്തു ഉറങ്ങി പോയതിന്‍റെ തിക്താനുഭവങ്ങളാണ്‌ ത്രീ മൈല്‍ ഐലന്റിലെ ആണവ നിലയത്തിലെയും സ്പയ്സ് ഷട്ടില്‍ ചാലന്ജരുടെയും അപകടങ്ങള്‍ . മെഡിക്കല്‍ ട്രെയി്നികളില്‍ മുപ്പതു ശതമാനം പേര്‍ക്ക് ഉറക്ക ക്ഷീണം മൂലമുള്ള ശ്രദ്ധ കുറവ് സ്വയം അപകടം വരുത്തിവെക്കുന്നതിനു പുറമെ 19% രോഗികളില്‍ രോഗം വഷളാക്കുന്നതിനും കാരണം ആകുന്നുണ്ട്.



ഉറക്കത്തിന്‍റെ പ്രശ്നങ്ങള്‍



പകല്‍ ജോലിക്കാരെ അപേക്ഷിച്ച് പാതിരാ പക്ഷികള്‍ക്ക് ആഴ്ചയില്‍ പത്തു മണിക്കൂറെങ്കിലും കുറവാണ് ഉറക്കം. "രാപ്പകല്‍താളം" തെറ്റുന്നതോടെ പ്രശനങ്ങള്‍ തുടങ്ങുന്നു. പകല്‍ നേരം പകരം ഉറങ്ങാന്‍ കിടന്നാല്‍ പ്രയാസങ്ങള്‍ അനവധിയാണ്. മുറിക്കകത്തും പുറത്തുമുള്ള ശബ്ദങ്ങളും വെളിച്ചവും പ്രതികൂലമാണ്. വീട്ടുകാര്‍ കരുതലുള്ളവരായാലും ബാഹ്യ ലോകം കനിയണമെന്നില്ല. ഉദാഹരണത്തിന് ഒരു പകല്‍തൊഴിലാളിയെ രാത്രി രണ്ടു മണിക്ക് ഫോണ്‍ ചെയ്യുവാന്‍ ആരും മടിക്കും, എന്നാല്‍ പാവം രാപ്പാടി ഉറങ്ങുന്ന ഉച്ചക്ക് രണ്ടു മണിക്ക് അവളെ / അവനെ വിളിച്ചുപദ്രവിക്കരുതെന്നു ആരും കരുതുകയില്ല. കൂടാതെ കുട്ടികളുടെ മേല്‍നോട്ടം, ഷോപ്പിങ്ങ്, വീട്ടുകാര്യം, നാട്ടുകാര്യം ഇവയെല്ലാം ഉറക്കത്തെ ചിന്നഭിന്നമാക്കികളയുന്നു. ഒട്ടും "ഉറക്കത്തെളിച്ചം" കിട്ടാതെയാണ് അടുത്ത ഡ്യുട്ടിക്കു പോകുന്നത്. ജോലി സ്ഥലത്തും, ജോലി കഴിഞ്ഞു തിരിച്ചു വീട്ടിലേക്ക് വണ്ടി ഓടിച്ചുപോകുന്നവരിലും അപകട സാദധ്യതക്ക് വേറെ കാരണം വേണോ ? .



ഗാര്‍ഹിക - സാമൂഹിക പ്രശ്നങ്ങള്‍


ഉറക്ക പ്രശനം "മരുന്നും മന്ത്രവുമായി" തല്‍കാലം പരിഹരിച്ചാല്‍ തന്നെയും അവരുടെ ഗാര്‍ഹിക സാമൂഹിക ജീവിതം താളം തെറ്റി തന്നെയാണ് ഓടുക. സ്ത്രീകളില്‍ പ്രതീക്ഷപ്പെടുന്ന ഗാര്‍ഹിക ചുമതലകള്‍ അവള്‍ക്കു താങ്ങാന്‍ ആവുകയില്ലെന്നും അതവളെ തകര്‍ത്തു കളയുകയും ചെയ്യുമെന്ന് നേരെത്തെ സൂചിപ്പിച്ചുവല്ലോ. സമാനമായ പ്രശ്നം പുരുഷനും ഉണ്ട്. ഭര്‍ത്താവും ഗ്രിഹനാഥനും എന്ന റോള്‍ രാത്രി ജോലിയോടൊപ്പം കൊണ്ടു പോകുവാന്‍ അയാള്‍ പ്രയാസപ്പെടും. ലൈംഗിക പങ്കാളി, സംരക്ഷക - സഹായി, സാമൂഹ്യ പങ്കാളി എന്നീ ഭര്‍ത്താവിന്‍റെ മു‌ന്നു രൂപവും വികലമാകുന്നു. 57% വിവാഹ മോചാനങ്ങള്‍ ഇങ്ങനെ ഉണ്ടാകുന്നു എന്ന് പഠനങ്ങള്‍ പറയുന്നു. ചില കേസുകളില്‍ ലൈങ്കിക കാരണങ്ങള്‍ മാത്രം ആണ് പ്രതിയെങ്കിലും, അവശ്യ സമയത്തു ആശ്വാസമായി ഇണയുടെ അടുത്ത് ഉണ്ടാകുന്നില്ല എന്ന കാരണം തന്നെ പ്രധാനം. ലൈങ്കിക ബന്ധം നടത്തുന്ന വേളകളുടെ പ്രശ്നത്തേക്കാള്‍ ഏറെ ഒരിണയുടെ എല്ലാ രാത്രിയിലുമുള്ള ഏകാന്തതയുടെയും സുരക്ഷിതത്വം ഇല്ലായ്മയുടെയും കയ്പ് നീരാണ് കുടുംബ ജീവിതം കുട്ടിച്ചോറാക്കുന്നത്.



പൊട്ടിത്തകര്‍ന്ന കുടുംബ ജീവിതത്തിനു പുറമെ രാപ്പടികള്‍ക്ക് സാമൂഹ്യമായ ഒറ്റപ്പെടലും അനുഭവിക്കേണ്ടി വരുന്നു. അയല്പക്കവുമായോ സാമൂഹിക സാമുദായിക സംഘടനകളുമായൊ അവരുടെ ബന്ധങ്ങള്‍ മുറിഞ്ഞു പോകുന്നു. സൌഹൃദങ്ങള്‍ പങ്കു വെക്കുന്ന സായാഹ്നങളും വാരാന്ദ്യങ്ങളും അന്യമാകുന്നു. വൈകല്യമുള്ളവനെ പുറം ലോകം കാണാന്‍ അനുവദിക്കാതെ മുറിയില്‍ അടച്ചു പൂട്ടുന്നപോലെയാണിത്. ക്രമേണ ഇവരില്‍ ഉദര രോഗങ്ങള്‍ , വിഷാദ രോഗങ്ങള്‍, ഹൃദ് രോഗങ്ങള്‍ , കാന്‍സര്‍ എന്നീ ആരോഗ്യ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു.



ഇവ്വിധം സങ്കീര്‍ണമായ ഇവരിലെ ആരോഗ്യ സാമൂഹ്യ പ്രശ്നങ്ങളെ വളരെ വിശാലമായ കാഴ്ചപ്പാടില്‍ വേണം സമീപിക്കാനും പരിഹാരങ്ങള്‍ കണ്ടെത്താനും. രാത്രി ജോലിക്കാരിലും അവരുടെ തൊഴിലുടമകളിലും ബന്ധുക്കളിലും ബോധവല്‍ക്കരണം ആവശ്യമാണ്‌. മധ്യ വയസ്കര്‍ ഗാര്‍ഹിക ചുമതലകള്‍ അധികം ഉള്ളവര്‍ , ഉദര രോഗങ്ങള്‍ , നിദ്രാ രോഗങ്ങള്‍, മാനസിക രോഗങ്ങള്‍, ലഹരി ഉപയോഗിക്കുന്നവര്‍, പ്രമേഹം, ചുഴലി, ഹൃദ്രോഗം എന്നീ രോഗങ്ങള്‍ ഉള്ളവര്‍ രാത്രിഷിഫ്റ്റ് എടുക്കരുത്, എടുപ്പിക്കുകയും അരുത്. അധിക വരുമാനത്തിനായി ദിവസേന രണ്ടു ഷിഫ്റ്റില്‍ ഏര്‍പ്പെടുന്നതും നിരുല്സാഹപ്പെടുത്തണം.



രാത്രി ജോലി മൂലമുള്ള ഉറക്ക കുറവിന് ഡോക്ടറുടെ നിര്‍ദേശാനുസരണം കുറഞ്ഞ കാലത്തേക്ക് ഉറക്ക ഗുളികകള്‍ ഉപകരിച്ചേക്കും. ഉറക്ക ഗുളികകള്‍ ശീലമാവുന്നതിന്‍്റ്റെയും മറ്റു പാര്‍ശ്വ ഫലങ്ങളെ കുറിച്ചും ബോധനം വേണം. പുലരിയില്‍ മടങ്ങുമ്പോള്‍ കറുത്ത കണ്ണട ധരിക്കുന്നത് ഉറക്കം വേഗം വരാന്‍ സഹായിക്കും. മടക്ക യാത്രയില്‍ സ്വയം വണ്ടി ഓടിക്കാതിരിക്കുക. വീട്ടില്‍ തടസ്സം ഒന്നും ഇല്ലാതെ പകല്‍ ഉറങ്ങുന്നതിനു വീട്ടുകാരും ബന്ധുക്കളും അയല്‍പക്കക്കാരും സാഹചര്യം ഒരുക്കേണ്ട്താണ്.



വ്യവസായികള്‍ ഇവരുടെ പ്രശ്നങ്ങളെ കുറിച്ചു ബോധവാന്മാര്‍ ആവുകയും സ്ഥാപനങ്ങളില്‍ അതനുസരിച്ചുള്ള പരിഷ്കാരങ്ങള്‍ക്ക് തയ്യാറാവുകയും വേണം. ആവശ്യം പോലെ ജീവനക്കാരെ നിയമിക്കുക, അടുപ്പിച്ചുള്ള ഡ്യുട്ടികള്‍ക്ക് ശേഷം ദിവസങ്ങളോളം ഓഫ് നല്‍കുക, ജോലിക്കിടയില്‍ "പൂച്ച ഉറക്കത്തിനു" സൗകര്യം ചെയ്യുക എന്ന് തുടങ്ങി പൊട്ടന്‍ഷ്യല്‍ റിസ്ക് റിഡക്ഷന്‍ മാനേജമെന്റ്റിന്റ്റെ നവീന രീതികള്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്.



സര്‍വലോക തൊഴി്ലാളികള്‍ക്ക് "കാക്കത്തൊളളായിരം" സംഘടനകള്‍ ഉണ്ടല്ലോ. സാര്‍ഥകമായ പലതും ഈ മേഖലയില്‍ അവര്‍ക്കും ചെയ്യാന്‍ കഴിയും. വൈകല്യമുള്ളവര്‍ക്ക് വ്യക്തിയും സമൂഹവും നല്‍കുന്ന പരിചരണവും പരിഗണനയും പോലെ തന്നെ ഇവരുടെ കാര്യത്തിലും വേണ്ടതല്ലേ ? ലോകത്തിന്‍റെ സുഖ നിദ്രക്കു ഈ രാപ്പാടികളുടെ താരാട്ട് നല്‍കുന്ന വിലയേറിയ പങ്കു മറന്നു കൂടാ.



" കാട്ടന്തി മുല്ലേ കാട്ടന്തി മുല്ലേ,
പുഞ്ചിരി തൂകാതെ നില്കുവതെന്തേ
ചന്ദ്രിക ചാറില്‍ മുങ്ങുന്നു ലോകം
.......................കാണാത്തതെന്തെ? "