പപ്പന്‍ വീര ശൂര പരാക്രമി ആയിരുന്നു. നാട്ടില്‍ പപ്പേട്ടനെ കുറിച്ചു അറിയാത്തവര്‍ വിരളം. വെറുതെ പപ്പേട്ടന്‍ എന്ന് പറഞ്ഞാല്‍ ആരും അറിയില്ല. "ആനപ്പപ്പന്‍" എന്ന് പറഞ്ഞാല്‍ കൊച്ചു കുട്ടികള്‍ വരെ അറിയും. അത്ഭുതമെന്തെന്നാല്‍ പപ്പേട്ടന്‍ മരിച്ചിട്ട് ഇരുപതു വര്‍ഷം കഴിഞ്ഞിട്ടും ആനപ്പപ്പന്‍ എന്നും എല്ലാവരുടെയും മനസ്സില്‍ നിറഞ്ഞു നില്ക്കുന്നു. അതിന് കാരണവും ഉണ്ട്.
1976 ലാണ് കഥ. സ്ഥലം പപ്പനെ സ്വന്തം നാടായ കൂറ്റനാട്. ഭഗവതി ക്ഷേത്രത്തില്‍ ഉല്‍സവം. ഉല്‍സവം കാണാന്‍ എത്തിയ പപ്പേട്ടന്‍ കറങ്ങി തിരിഞ്ഞു ആനകളെ പൂട്ടിയ ഇടത്തെത്തി. ഏതാനും ആനകളുടെ ഇടയില്‍ ഒരു ആന മാത്രം കാല് പൊക്കി നില്ക്കുന്നു. ഈ ആന എന്താ സന്യാസം വല്ലതും ചെയ്യുവാണോ ?
പപ്പേട്ടന്‍ ചിന്തിച്ചു. ഇടയ്ക്കിടെ തല ആട്ടുകയും അമറുകയും ചെയ്യുന്നുമുണ്ട്. പപ്പേട്ടനിലെ അന്വേഷി ഉണര്‍ന്നു.
ആനയുടെ അടുത്ത് എത്തിയ പപ്പേട്ടന്‍ ആനയെ ആകെമൊത്തം ഒന്നു നിരീക്ഷിച്ചു. പൊക്കി പിടിച്ചിരിക്കുന്ന കാലിന്‍റെ അടിയില്‍ നോക്കി. അവിടെ ഒരു കമ്പി കഷ്ണം തുളച്ചു കയറിയിരിക്കുന്നു. അതാണ് കാര്യം.
പപ്പേട്ടന്‍ കമ്പി കഷ്ണം നീക്കി. മടിച്ചു മടിച്ചു ആന കാല്‍ നിലത്ത് ആദ്യം ഒന്നു വെച്ചു പിന്നെ ഒരു സ്റ്റെപ്പ് നടന്നു. എല്ലാം ഭംഗി. ആന തല ആട്ടുകയും പപ്പേട്ടനെ ഉരുമി നില്‍ക്കുകയും ചെയ്തു.പപ്പേട്ടനും
സന്തോഷിച്ചു, ആനയും സന്തോഷിച്ചു. ആന മുളംപട്ട തിന്നും പപ്പേട്ടന്‍ വെറും പട്ട കുടിച്ചും.
1986അതേ സ്ഥലം, അതേ ഉല്‍സവം, അതേ പപ്പേട്ടന്‍. കറങ്ങി തിരിഞ്ഞു പപ്പേട്ടന്‍ അന്നും വീണ്ടും ആനകളുടെ അടുത്തെത്തി. കൂട്ടത്തിലെ ഒരു ആന പപ്പേട്ടനെ കണ്ട പാടെ തല ആട്ടുകയും തുംബ്ബിക്കൈ പൊക്കി സലാം ചെയ്തു. പപ്പേട്ടന്‍ ഒന്നു സംശയിച്ചു. ആ പഴയ ആന തന്നെയാണോ ഈ ആന. പത്തു വര്‍ഷം കഴിഞ്ഞിട്ടും മറന്നിട്ടില്ല. ഈ ആനകളുടെ ഒരു ഓര്‍മശക്തി അപാരം തന്നെ !! പപ്പേട്ടന്‍ ഓടി ആനയുടെ അടുത്തെത്തി.
"എന്റെ കുട്ടാ നീയെന്നെ മറന്നില്ല അല്ലെ ?" അടുത്ത് നിന്നു ആനയെ പപ്പേട്ടന്‍ ഓമനിച്ചു, ഒന്നു തലോടി. ആന വീണ്ടും തലയാട്ടി, പിന്നെ ഒന്നമറി. അടുത്ത നിമിഷം പപ്പേട്ടനെ ആന തുമ്പിക്കൈ ചുറ്റി എടുത്തു പൊക്കി. നിലത്തൊരടി. കാലുകൊണ്ട് ഒരു ചവിട്ട്.
അങ്ങനെ വെറും പപ്പന്‍ നാട്ടുകാരുടെ മറക്കാത്ത ആനപപ്പന്‍ ആയി മാറി.
Sunday, November 16, 2008
Subscribe to:
Post Comments (Atom)


1 comment:
yo.. funny style
Post a Comment