Monday, July 14, 2008

ഒരു പ്രതിമ ത്രില്ലര്‍

ഒരു പ്രതിമ കൊണ്ട്‌ എന്തൊക്കെ അപകടം സംഭവിക്കാം ? ആരെയെങ്ങിലും എറിയാം, അടിക്കാം, താഴെ ഇട്ടു പൊട്ടിക്കാം, പട്ടിയെ പേടിപ്പിക്കാം എന്നൊക്കെ അല്ലാതെ പോലീസോ ജയില്‍വാസമോ എന്നൊക്കെ ഉള്ളത് അചിന്ത്യമായിരുന്നു. അങ്ങനെ അച്ചിന്ത്യമായത് സംഭവിച്ച കഥ:


കുറച്ചു മാസങ്ങള്‍ മുമ്പാണ് ആ മുടിഞ്ഞ പരസ്യം എന്റെ ഭാര്യ പത്രത്തില്‍ കണ്ടത്. " രാജസ്ഥാന്‍ കര കൌശല മേള - വന്‍ പിച്ച സോറി വമ്പിച്ച ആദായ വില്പന. പകുതിയില്‍ കുറഞ്ഞ വില മാത്രം" ഇങ്ങനെ ഒക്കയുള്ള മന്ത്ര ശക്തി അടങ്ങിയ വാക്കുകള്‍ കണ്ടപ്പോള്‍ മുതല്‍ എന്റെ ഭാര്യക്ക് ഇരിപ്പുറ്ക്കതായി. ഉടനെ
പോയെ പറ്റൂ. എന്ത് ചെയ്യാം ഭാര്യ അല്ലെ. "നിങ്ങള്‍ അല്ലെങ്ങിലും ഇങ്ങനാ , എന്റെ ഒരു ആവശ്യം വന്നാല്‍ വലിയ മടിയാ". സ്വന്തം കാര്യം സിന്ദാബാദ്". "അവനവന്റെ കാര്യത്തിനു പോകാന്‍ എന്തുല്സാഹമാ" , ഇങ്ങനെ ഉള്ള പരട്ട ഡയലോഗുകള്‍ കേട്ടു മടുത്തപ്പോള്‍ എന്റെ കഷ്ടകാലത്തിനു ഞാന്‍ പോകാന്‍ സമ്മതിച്ചു.ആ വഴിക്കും കുറച്ചു കാശ് പോകാനയിരിക്കും വിധി.



മേള ഗംഭീരമായിരുന്നു. പൂരത്തിന്ടെ തിരക്ക്. മിക്കതും സ്ത്രീജനം. കാഴ്ചകള്‍ കണ്ടു നടന്ന ഞങ്ങള്‍ ഒടുവില്‍ പ്ലാസ്റ്റ്ര്‍ ഓഫ് പാരീസിന്‍്റ്റെ പ്രതിമകള്‍ വില്‍ക്കുന്ന സ്റ്റാള്‍് കാണുകയും അവിടെ എന്തോ ഒന്നു എന്റെ ഭൈമിയെ ആകര്‍ഷിക്കുകയും ചെയ്തു. പല തരത്തിലും രൂപത്തിലും ഭാവത്തിലും ഒക്കെ പ്രതിമകള്‍ .
വെള്ളത്തിന്‍്റ്റെ കുടവുമായി നില്‍ക്കുന്നവ, കുടമില്ലാതെ നില്‍ക്കുന്നവ, മുകളിലേക്കൊ താഴേക്കോ ചൂണ്ടുന്നവ, കുനിഞവ, കുനിയാത്തവ അങ്ങനെ പല പോസുകളില്‍ പല റേന്ജില്‍് പ്രതിമകള്‍.



"ഇതൊന്നും കൊള്ളില്ല" ഞാന്‍ മൊഴിഞ്ഞു, "നമുക്കു അടുത്ത സ്റ്റാള്‍് നോക്കാം" അത് പറഞ്ഞതു കൊണ്ടാവാം വാമഭാഗത്തിന് ഉടനെ ഒരു പ്രതിമ വേണം. വാങ്ങി കൊടുക്കണം.



"കറുത്ത് കൂപ്പു കൈകളുമായി നില്ക്കുന്ന ഈ സാധനത്തിനെ തന്നെ വേണോ ?" ഞാന്‍ ചോദിച്ചു.



"ഇതു തന്നെ വേണം" വാങ്ങിക്കാതിരിക്കാന്‍ പറ്റുമോ ? ഇനി അത് മൂലം ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകള്‍ ഓര്‍ത്തിട്ടു അവസാനം വിലപേശി മേടിച്ചു. 550 രൂപ. ആദായ വില തന്നെ.


വീട്ടില്‍ എത്തിയ ഉടനെ അവള്‍ അതിനെ മുന്‍ വശത്ത് തന്നെ പ്രതിഷ്ടിച്ചു. നാലാള്‍ കാണട്ടെ രാജസ്ഥാന്‍ കര കൌശലം. കണ്ടവരൊക്കെ മൂക്കത്ത്‌ വിരല്‍ വെച്ചു. ചെറിയ മൂക്കുള്ളവര്‍ ചുണ്ടില്‍ വിരല്‍ വെച്ചു. എല്ലാവര്ക്കും എന്തോ ഒരു "ഇത്" . നാണക്കേടായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.



"എടി ഇനി ഇത് ഇവിടെ വെക്കേണ്ട" ഞാന്‍ പറഞ്ഞു.



ആരുടെ അടുത്ത് പറയാന്‍."അതൊക്കെ കുശുമ്പ് കൊണ്ട് നാട്ടുകാര്‍ പലതും പറയുന്നതല്ലേ,
ഇതിവിടെ തന്നെ ഇരിക്കും" തിരുവായ്ക്ക് എതിര്‍ വാ ഇല്ലാത്തതു കൊണ്ടു പ്രതിമ അവിടെ തന്നെ നിന്നു.

തല്ക്കാലം അതവിടെ നില്‍ക്കട്ടെ.



ഞങ്ങളുടെ അയല്‍ക്കാരന്‍ സദാനന്ദന്‍ ചേട്ടനിലാണ് ബാക്കി കഥ. അയല്ക്കാരില്ല എന്ന ഒരു കുറവ് ഒരിക്കലും തോന്നിപ്പിക്കാത്ത ഒരു പ്രത്യേക മനുഷ്യന്‍. സദാനന്ദന്‍ എന്നുള്ളത് വീട്ടുകാര്‍ ഓമനിച്ചിട്ട പേര്‍. നാട്ടുകാര്‍ അദ്ദേഹത്തെ സ്നേഹത്തോടെ 'ഒടക്ക് സദാനന്ദന്‍' എന്ന് വിളിച്ചിരുന്നു. ആരുടെ എന്ത് കാര്യത്തിലും തല ഇടുക, ആവശ്യമില്ലാതെ കേറി അഭിപ്രായം പറയുക, തല്ലു വാങ്ങി കൂട്ടുക ഇതൊക്കെ പുള്ളിയുടെ സ്ഥിരം പരിപാടി ആയിരുന്നു. പ്രത്യേകിച്ച് തൊഴില്‍ ഒന്നും ഇല്ലാതെ റിട്ടയര്‍ ആയി വീട്ടില്‍ ഇരിക്കുന്ന ഒടക്കിനു മറ്റുള്ളവരുടെ - വ്യക്തമായി പറഞ്ഞാല്‍ എന്റെ വീട്ടില്‍ എന്ത് നടക്കുന്നു - ഇതിനെ കുറിച്ചു അന്വേഷിക്കുക, പ്രബന്ദം തയ്യാറാക്കുക ഇതൊക്കെ ആയിരുന്നു മെയിന്‍ ഹോബി.


ഒരു വൈകുന്നേരം ഓഫീസില്‍ നിന്നു എത്തിയ ഞാനും ഭാര്യയും തമ്മില്‍ ഒന്നു പിണങ്ങി. അവള്‍ കടയില്‍ കണ്ട ഒരു സാരി വാങ്ങിക്കൊണ്ടു വരാന്‍ പറഞ്ഞിരുന്നു. ചുമ്മാ അങ്ങോട്ടൊന്നു പോകുമ്പോളും ഇങ്ങോട്ടൊന്നു വരുമ്പോളും സാരി മേടിക്കാന്‍ എനിക്കിവിടെ നോട്ടടി യന്ത്രം ഒന്നും ഇല്ല .....അങ്ങനെ അങ്ങനെ തര്‍ക്കം മൂത്തപ്പോള്‍ ഞാന്‍ കുറച്ചു സ്വസ്ഥത കിട്ടട്ടെ എന്ന് കരുതി വീടിനു വെളിയിലേക്കിറങ്ങി. വേലിക്കരികില്‍ ചെവി വട്ടം പിടിച്ചുകൊണ്ടു ഒടക്ക്.



"എന്താ പ്രശ്നം" ഉടനെ അറിയണം എല്ലാം.



"ഏയ് ഒന്നുമില്ല " ഞാന്‍.



"അതല്ലല്ലോ എന്തോ കേട്ടല്ലോ" വിടാനുള്ള ഭാവമില്ല.



"ചില സമയത്തു പെണ്ണുങ്ങളുടെ ഒരു വാശി. കൊല്ലാന്‍ തോന്നുന്നു"


ഞാന്‍ പറഞ്ഞു. അധികം കേള്‍ക്കാന്‍ നില്‍ക്കാതെ ഞാന്‍ അകത്തേക്ക് പോകുകയും ചെയ്തു. അന്ന് രാത്രി സദാനന്ദന്‍ ചേട്ടന്‍ കണ്ടതും കേട്ടതും:



- ഫോണ്‍ അടിക്കുന്നു

- "അമ്മേ" എന്നൊരു കരച്ചില്‍ - എന്റെ ഭാര്യയുടെ

- ഞാന്‍ വണ്ടി സ്റ്റാര്‍്ട്ട് ചെയ്തു എങ്ങോട്ടോ പോകുന്നു.

- വളരെ വൈകി ഞാന്‍ തിരിച്ചെത്തുന്നു.

- പ്ലാസ്റ്റിക് കവറില്‍ എന്തോ പൊതിഞ്ഞ് താങ്ങി കൊണ്ടുവരുന്നു

- വേലിക്കരികില്‍ ഒരു കുഴി തോണ്ടി ഞാന്‍ കൊണ്ടുവന്നത് മറവു ചെയ്യുന്നു.



അത്രയും ആയപ്പോള്‍ തന്നെ ഇരിപ്പുറക്കാതെ സദാനന്ദന്‍ ചേട്ടന്‍ ടോര്‍ച്ചുമായി പുറത്തിറങ്ങി.



"ആരാ " ..."ആരാ അവിടെ" എന്നൊക്കെ മൊഴിഞ്ഞു.



രാത്രിയും ഒരു സംഭാഷണം വേണ്ട എന്ന് കരുതി ഞാന്‍ പെട്ടന്ന് തന്നെ വീട്ടിനകത്തേക്ക്‌ സ്കൂട്ട് ചെയ്തു.വീട്ടിനകത്തേക്ക്‌ പോയ സദാനന്ദന്‍ ചേട്ടന്‍ സ്വന്തം ഭാര്യയെ തട്ടി ഉണര്‍ത്തി:



"എടീ അപ്പുറത്ത് എന്തോ കുഴപ്പം ഉണ്ട്, എന്തൊക്കെയോ അരുതാത്തത് നടന്നിട്ടുണ്ട്"



"നിങ്ങള്‍ കിടന്നുരുങ്ങു മനുഷ്യാ, വേണ്ടാത്തതൊന്നും ആലോചിച്ചു കൂട്ടണ്ട"



"അല്ലെടീ എനിക്കുറപ്പാ"


അടുത്ത ദിവസം അതി രാവിലെ തന്നെ വാതിലില്‍ മുട്ട് കേട്ടു. പാല്‍ക്കാരന്‍ ആയിരിക്കും എന്ന് കരുതി ഇറങ്ങിയ എനിക്ക് തെറ്റി. ഒടക്ക് രാവിലെ ഒടക്കാനുള്ള ഭാവത്തിലാണ്. കൈയ്യില്‍ ഉമ്മിക്കരിയും പച്ചീര്‍ക്കിലും പിടിച്ച് ഇളിച്ചുകൊണ്ട്‌ , ദൈവമേ രാവിലത്തെ കണി മോശമാണല്ലോ, ഞാന്‍ ചിന്തിച്ചു.



സദാനന്ദന്‍ ചേട്ടന്റെ കണ്ണുകള്‍ എന്നിലേക്കും ഇന്നലെ മൂടിയ കുഴിയിലേക്കും മാറി മാറി പോകുന്നു. എന്തോ ഒരു സംശയം പോലെ.



ഒടക്ക് കാറി....ത്ഫു‌ു.



"എന്താ ചേട്ടാ ഒരു വിഷമം പോലെ" ഞാന്‍ ചോദിച്ചു.



"ഇന്നലെ ഇവിടെ എന്ത് നടന്നു" രാവിലെ തന്നെ ശല്യമായല്ലോ.



"എന്ത് നടക്കാന്‍, ഒന്നും നടന്നില്ല"



"അവിടെ എന്താ കുഴിച്ചു മൂടിയത്" മണ്ണ് മാന്തിയിടത് നോക്കി ഒടക്ക്.



"എന്തിനറിയണം" ഞാന്‍.



"എനിക്കെല്ലാം മനസ്സിലായി" എന്ന് പറഞ്ഞു ഒടക്ക് അടുത്ത ചോദ്യമെറിഞ്ഞു .



"മിനിയെവിടെ" എന്റെ ഭാര്യയെക്കുറിച്ചാണ്.



"അവളിവിടെ ഇല്ല"



"എവിടെ പോയി?"



"അവള്‍ അത്യാവശ്യമായി അവളുടെ അമ്മയുടെ വീട്ടില് ‍പോയി"



"തിരുവനന്തപുരതെക്കോ ?"



"അതെ"



"എപ്പോള്‍?"



"ഇന്നലെ രാത്രി"



"ഞാന്‍ കണ്ടില്ലല്ലോ "



"അങ്ങനെ ചേട്ടന്‍ കാണാതെ ഇവിടെ എന്തെല്ലാം നടക്കുന്നു"



"എങ്കില്‍ മിനിയെ ഒന്നു ഫോണില്‍ വിളിക്ക്"



"എന്തിന്"



"ഒന്നു സംസരിക്കാനാ"



" അത് പറ്റില്ല...അവളെ വിളിക്കണ്ട...ഉടനെ ഒന്നും വരുന്നില്ല എന്ന് പറഞ്ഞിരുന്നു"



"ഹാ ... അത് ശരിയാ" അര്‍ത്ഥവ്ത്തായി ഒടക്ക് എന്നെ ഒന്നു നോക്കി. പിന്നാക്കം മാറി ഒന്നു വീക്ഷിച്ചു. എന്നിട്ട് പതുക്കെ സ്വന്തം വീട്ടിലേക്ക് പോയി. ഹാവൂ....തല്‍ക്കാലത്തേക്ക് രക്ഷപെട്ടു.അല്പം കഴിഞ്ഞ് കാര്‍ കഴുകുന്ന ഞാന്‍ പിന്നില്‍ കാല്‍പെരുമാറ്റം കെട്ട് തിരിഞ്ഞപ്പോള്‍ ഒടക്ക് വീണ്ടും അവിടെ. മിണ്ടാതെ എല്ലാം
വീക്ഷിക്കുകയാണ്. അവിടെ നില്‍ക്കട്ടെ എന്ന് ഞാനും കരുതി. ഡിക്കി തുറന്നു തലേന്ന് മേടിച്ച വലിയ കീസ് കവര്‍ പുറ്ത്തെക്കിട്ടിട്ട് ഞാന്‍ ഡിക്കി കഴുകി തുടങ്ങി. മിണ്ടാതിരിക്കാന്‍ കഴിയില്ല ഒടക്കിനു
എന്ന് എനിക്ക് മനസ്സിലായി.



"ഈ വലിയ കീസ് എന്തിനാ ?"



" അത് വേസ്റ്റ് കളയാന്‍"



"ഇത്രയും വേസ്റ്റോ ?"ഞാന്‍ മിണ്ടാന്‍ പോയില്ല.



അപ്പോഴാണ് ഒടക്ക് അത് ശ്രദ്ധിച്ചത്. ഡിക്കി കഴുകി വരുന്ന വെള്ളത്തിന്‌ ചുവപ്പ് കളര്‍.



"ഹേ...ചോരയല്ലേ ഇത്?"



"അതെ"



"ഇതെങ്ങനെ...ചോര .....ഇവിടെ..."



എനിക്ക് ദേഷ്യം വന്നു. " അല്ല ചേട്ടനിപ്പോ എന്തൊക്കെ അറിയണം...വേറെ പണി ഒന്നും ഇല്ലേ....ഒന്നു പോയ്ക്കെ ഇവിടെനിന്നും"



"എനിക്കെല്ലാം മനസ്സിലായി......എടാ മഹപാപീ.....ദുഷ്ടാ........നീ ആ തങ്കപ്പെട്ട കൊച്ചിനെ കൊന്നു അല്ലെ!!"



"എന്ത് .....കൊന്നുന്നോ ??? ആര് .....ആരെ.....എന്താ ഇയളീപ്പറയുന്നത്. "



"ഇന്നലെ കൊല്ലും എന്ന് പറഞ്ഞപ്പോള്‍ ഒന്നും ഞാന്‍ നിനച്ചില്ല......നീ ഇത്ര പെട്ടന്ന് തന്നെ ഈ പണി പറ്റിച്ചൂന്ന്."



"ഇയാള്‍ എന്താ പറഞ്ഞതു....ഞാന്‍ എന്റെ ഭാര്യയെ കൊന്നൂന്നോ ?"



"എന്റെ മിനിമോളെ ഈ ദുഷ്ടന്‍ കൊന്നേ...!!!"എന്റെ ഭാര്യയെക്കുറിച്ച് എനിക്കില്ലാത്ത വിഷമം അയാളില്‍
കണ്ടപ്പോള്‍ എനിക്ക് ദേഷ്യം വന്നു. കോളറില്‍ പിടിച്ച് ഞാന്‍ അയാളെ പുറത്താക്കി.



"മേലാല്‍ അനാവശ്യം പറഞ്ഞുകൊണ്ട് ഈ വഴി വരരുത്‌".


ഒരു രണ്ടു മണിക്കൂര്‍ കഴിഞ്ഞുകാണും. കാളിംഗ് ബെല്‍ ചിലച്ചു. വാതില്തുറന്ന ഞാന്‍ ഞെട്ടി. നാല് പോലീസുകാര്‍.



"എന്താ സാര്‍ പ്രശ്നം"



ഇനി ഒടക്കിനെ കോളറില്‍ പിടിച്ചത് കേസായോ ?



"നിനക്കൊന്നും അറിയില്ല അല്ലേ...ഇങ്ങോട്ടിറങ്ങിവാടാ % &*& മോനേ.!!കോളറില്‍ പിടി വീണത്‌ ഇത്തവണ എനിക്കായിരുന്നു.



"എവിടെടാ നിന്റെ ഭാര്യ....സത്യം പറയണം.....എവിടെയാ നീ അവളെ കുഴിച്ചുമൂടിയത്????"



പോലീസേമാന്‍ പൊട്ടിത്തെറിച്ചു ഞാന്‍ ഞെട്ടിത്തരിച്ചു. ഇനി ഞാന്‍ അറിയാതെ എന്റെ ഭാര്യ മരിച്ചോ?.



"സാര്‍...എനിക്കൊന്നും മനസ്സിലാകുന്നില്ല"



"എല്ലാം നിനക്കു മനസ്സിലാക്കിത്തരാം...കേറടാ ജീപ്പില്‍" ജീപ്പ് നേരെ സ്റ്റേഷനിലേക്കും. ജീപ്പില്‍ ഒടക്കും ഞാനും.സ്റ്റേഷനില്‍ എത്തിയ ഉടനെ വിസ്താരം തുടങ്ങി.



"എങ്ങനെയാടാ നീ ഭാര്യയെ കൊന്നത്?...അടിച്ചോ ? കുത്തിയോ ?....."



"സത്യമായിട്ടും ഞാന്‍ ആരെയും കൊന്നിട്ടില്ല സാര്‍"



"കള്ളമാ സാറേ...ഇവന്‍ പറയുന്നതു കള്ളമാ" ഒടക്ക് ഇടയില്‍ ചാടി വീണു. പോലീസുകാരെക്കളും തിരക്ക് ഒടക്കിനാണന്ന് തോന്നി.



"ഇന്നലെ രാത്രി ആ പാവം കൊച്ച് "അമ്മേ " എന്ന് വിളിച്ചു കരയുന്നത് ഞാന്‍ കേട്ടതാ. അതും പോരാഞ്ഞ് ഇവന്‍ അതിനെ വെട്ടിനുറുക്കി കാറില്‍ എവിടെയോ കൊണ്ടുപോയി. രാവിലെ ഞാന്‍ വേസ്റ്റ് ബാഗും ഡിക്കിയിലെ ചോരയും കണ്ടതാ"



"സത്യമാണോടാ"



" അത് ....സാറേ.....പിന്നെ......ഞാന്‍... അത്...." എനിക്കുത്തരം മുട്ടി.



" എന്റെ പൊന്നു സാറേ ഇന്നലെ രാത്രി അവളുടെ വീട്ടില്‍ നിന്നും ഫോണ്‍ വന്നിരുന്നു. അവളുടെ അമ്മയ്ക്ക് തീരെ സുഖമില്ല . ഉടനെ ചെല്ലണം. അതാണ്‌ അവള്‍ 'അമ്മേ" എന്ന് നിലവിളിച്ചത്. അങ്ങനെ ഞാന്‍ രാത്രി തന്നെ അവളെ വീട്ടില്‍ കൊണ്ടാക്കി. അവളുടെ വീട്ടിലെ ഫോണ്‍ നമ്പര്‍ ഞാന്‍ സാറിന് തരാം. സാറ് വിളിച്ചു നോക്കിക്കൊള്ളൂ. "



"അപ്പൊ ചോര..പറമ്പിലെ കുഴി ..ഇതൊക്കെ ?"



"അത് പിന്നെ അവള്‍ ഇല്ലാത്തതല്ലേ.., കൂട്ടുകാരുമായി ഒന്നു കൂടാം എന്ന് കരുതി നാല് കോഴിയെ അറുത്ത് മേടിച്ചിരുന്നു. വഴിയില്‍ വെച്ചു ബാഗ് പൊട്ടിയപ്പോള്‍ കീസ് മേടിച്ചു. കടയില്‍ ചെറിയ കീസ് ഇല്ലഞ്ഞതുകാരണം വലിയ വേസ്റ്റ് ബാഗുകള്‍ മേടിക്കേന്ടിയും വന്നു. പൊട്ടിയ കീസില്‍ നിന്നും ഒലിച്ച ചോരായ ഈ ചേട്ടന്‍ രാവിലെ കണ്ടത്"


"അപ്പോള്‍ സാറെന്താ കുഴിച്ചിട്ടത്? "



"സാര്‍ ഗതികേടിനു പറ്റിയതാ. ഒന്നിനും കൊള്ളില്ലാത്ത ഒരു പ്രതിമ എന്റെ ഭാര്യ രാജസ്ഥാന്‍ കര കൌശല മേളയില്‍നിന്നും വാങ്ങിയിരുന്നു. അവളില്ലാത്ത സമയം നോക്കി അത് കളയാം എന്ന് ആദ്യം വിചാരിച്ചു. എന്നാല്‍ അവള്‍ വന്നിട്ട് പ്രശ്നമായാലോ എന്ന് കരുതിയാണ് അത് കുഴിച്ചിട്ടത്. വേണമെങ്കില്‍ തിരിച്ചു
എടുക്കാമല്ലോ"




"ഠേ..........."




ഇത്തവണ അടി വീണത്‌ ഒടക്ക് സദാനന്ദന്‍ ചേട്ടനായിരുന്നു.

7 comments:

കുഞ്ഞന്‍ said...

ഹഹ..

അല്ല, ആ സദാനന്ദനെ കുറ്റം പറയേണ്ടാ ഞാനും അങ്ങിനെതന്നെയാണ് ചിന്തിച്ചത്..

എന്റെ ഒടക്ക് ചേട്ടാ ഇക്കാലത്ത് ആരെങ്കിലും ഇത്തരം സാമൂഹിക സേവനം ചെയ്യുമൊ.. ചെയ്താല്‍..ഠേ..

മാഷെ, നല്ലൊരു ശൈലി..നേരില്‍ കാണുന്ന ഇഫക്റ്റ്..!

വിഷം said...

കുഞ്ഞാ കമന്റിനു നന്ദി.

വിനാശ കാലേ വിപരീത ബുദ്ധി.കേട്ടിട്ടില്ലേ...പരോപകാരമേ പുണ്യം - ഒക്കെ നല്ലതാ പക്ഷെ സൂക്ഷിച്ചാല്‍ ദുഖിക്കണ്ട.

ഈന്ക്വിലാബ് സിന്ദാബാദ്. സ്വന്തം കാര്യം സിന്ദാബാദ്.

Unknown said...

പാവം ഉടക്ക് !
പാപി ചെല്ലുന്നിടം പാതാളം.

പോലീസ് പാതാളം വിസിറ്റ് കഴിഞ്ഞാല്‍ പിന്നെ ഒരു പാതാളത്തിലും ഇടപെടാനുള്ള ആരോഗ്യം ഭാക്കി കാണുമോ? ഹിഹി

Sathees Makkoth | Asha Revamma said...

ഹഹഹ രസകരം.നന്നായിട്ടുണ്ട്.

ശ്രീ said...

എഴുത്ത് രസകരമായി മാഷേ...
:)

നവരുചിയന്‍ said...

കൊള്ളാം ..പക്ഷെ സാഹചര്യ തെളിവുകള്‍ നോക്കുമ്പോള്‍ ??????? പിന്നെ ആ കുഴി ആരും തുറന്നു നോക്കിയില്ല ....... സത്യം പറ ....കൂട്ടുകാരും ആയി വെള്ളം അടിച്ചിട്ട് അതില്‍ ഒരുത്തനെ കൊന്നു കുഴിച്ചിട്ടു അല്ലെ .....

smitha adharsh said...

ഹൊ ! ഒടക്കിനെപ്പോലെ ഞാനും എന്തൊക്കെ ചിന്തിച്ചു കൂട്ടി...ഒരു സി.ബി.ഐ .ഡയറി ക്കുറിപ്പ്‌ സിനിമക്കു ഉള്ള വകുപ്പുണ്ടായിരുന്നു....
പോസ്റ്റ് കലക്കി..സൂപ്പര്‍