Tuesday, July 8, 2008

കടങ്കഥ / പാചകം

ഒരു നുള്ള് കടങ്കഥയും രുചിക്ക് കുറച്ചു ചേരുവകളും കൂടി ചേര്‍ന്നാല്‍ ഇന്നത്തെ പാചകവിധി തയ്യാറായി. താഴെ പറയുന്നതില്‍ കുറച്ചൊക്കെ കാര്യവും പിന്നെ കുറച്ചു ഇറക്കലും ഉണ്ടേ ........

വേണ്ട ചേരുവകള്

‍അടി പാറ നടു വടി മീതെ കുട - 1/2 കിലോ
ഇട്ടാല്‍ പൊട്ടും ഇംഗ്ലീഷ് മൊട്ട - 1 ടീ സ്പൂണ്‍
മഞ്ഞള്‍ പൊടി - കാല്‍ ടീ സ്പൂണ്‍
വെളിച്ചെണ്ണ ( അത് തന്നെ വേണം, ഇന്നലെ ഒരു ടേസ്റ്റ് ഒക്കെ കിട്ടൂന്നെ) - 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് , കുരുമുളക് പൊടി - ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ആദ്യമായി അടി പാറ നടു വടി മീതെ കുട തൊലിയും അഴുക്കും ഒക്കെ കളഞ്ഞു നല്ലവണ്ണം കഴുകി വൃത്തിയാക്കി എടുക്കുക. എന്നിട്ട് അത് ചെറിയ കഷ്ണങ്ങള്‍ ആയി മുറിക്കുക. ഈ കഷ്ണങ്ങള്‍ എല്ലാം ഒരു കുക്കറില്‍ ഇട്ടു വേവിക്കുക. വെന്ത അടി പാറ നടു വടി മീതെ കുട കഷണങ്ങള്‍ വാങ്ങി മാറ്റി വെക്കുക. കുറച്ചൊന്നു ആറ്ട്ടെന്നെ. അടുത്തതായി ഒരു നോണ്‍ സ്റ്റിക് പാന്‍ അടുപ്പത്ത് വെക്കുക. അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായാല്‍ - ചേട്ടാ ചൂടാവല്ലേ ഇപ്പൊ തരാം എന്ന് പറഞ്ഞു ഇട്ടാല്‍ പൊട്ടും ഇംഗ്ലീഷ് മൊട്ട അതിലേക്ക് ഇടുക. ഒന്നു പൊട്ടും പിന്നെ ഒന്നു ചീറ്റും. കു‌ടുതല്‍ കളിച്ചാല്‍ ഒരു സ്പൂണ്‍ എടുത്തിട്ട് നാല് ഞെരട് കൊടുത്താല്‍ ക്ലീന്‍ ഔട്ട്.

ഇങ്ങനെ മൂത്ത് കിടക്കുന്ന ഇങ്ങോട്ട് വേണം നേരെത്തെ വാങ്ങി വെച്ച (ഇപ്പം ആറിപ്പോയ) അടി പാറ നടു വടി മീതെ കുട കഷ്ണങ്ങള്‍ ചേര്ക്കുക. നല്ലോണം ഒന്നു ഇളക്കിക്കോളൂ അടിക്കു പിടിക്കണ്ട. മഞ്ഞള്‍ പൊടി (ഒരു മഞ്ഞ കളര്‍ കിട്ടാന്‍ വേണ്ടി മാത്രം) പിന്നെ രുചിക്ക് വേണ്ട ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേര്‍ത്താല്‍ സംഗതി തയ്യാര്‍. ഇടക്ക് വേണമെങ്കില്‍ പൊക്കിളില്‍ തൊട്ടാല്‍ ഇളിച്ചു കാണിക്കുന്ന സാധനം എടുത്തു ഒന്നു അടിച്ച് നോക്കണം. എല്ലായിടത്തും ചേരുവകളെല്ലാം എത്തിയുട്ടുണ്ടോ എന്ന് വെട്ടത്തില്‍ നോക്കുന്നതാ നല്ലത്.

ചൂടോടെ വിളമ്പാം , ചൂടില്ലതെയും വിളമ്പാം. ചായയുടെ കൂടെയും അല്ലാതെയും തിന്നാം. ഉണ്ടാക്കിയത് കൊള്ളില്ല എങ്കില്‍ ചിലപ്പോള്‍ ആയിരം പോലീസുകാര്‍ക്ക് ഒരു ബെല്‍റ്റ്‌ - ന് അടി കൊണ്ടെന്നിരിക്കും. അതൊക്കെ ഇതു ഉണ്ടാക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നവരുടെ വിധി. ഞാന്‍ അതിന് ഉത്തരവാദി ആയിരിക്കുന്നതല്ല. പാചകം നന്നായാല്‍ കമന്റ് ഇട്ടു അറിയിക്കുമല്ലോ. ഇനി ഞാന്‍ അടുക്കളയിലേക്കു കയറട്ടെ ഇല്ലെങ്കില്‍ എനിക്കായിരിക്കും പെട കിട്ടുക.

3 comments:

Unknown said...

ഹ്ഹ്ഹ്ഹ്

smitha adharsh said...

ഇതു കലക്കി...വേറിട്ടൊരു സംഭവം തന്നെ..സൂപ്പര്‍,സൂപ്പര്‍,സൂപ്പര്‍...!!!
ഒന്ന് കത്താന്‍ കുറച്ചു സമയം എടുത്തു..

വിഷം said...

ഹൊ !! രക്ഷപെട്ടു. വിജയിക്കും എന്ന് വിചാരിച്ചില്ല. പാചകം ചെയ്തു നോക്കിയോ ?അതിന് ശേഷം കമന്റ് ഇടാന്‍ സാധ്യത ഇല്ലാത്തതു കൊണ്ടു ചോദിച്ചതാ